വിലയിരുത്തൽ (Appreciation)

9.

മൂല്യം: ശരിയായ പ്രവൃത്തി, ആചരണം ഉപമൂല്യം: നന്ദി

വിദ്യാഭ്യാസ യോഗ്യത നേടിയ ഒരു ചെറുപ്പക്കാരൻ,ഒരു വലിയ കമ്പനിയിൽ മാനേജരുടെ തസ്ഥികക്ക് അപേക്ഷിച്ചു. പ്രാരംഭ പരീക്ഷകളിൽ അയാൾ പാസ്സായി. കമ്പനിയുടെ ഡയറക്ടർ അയാളെ തുടർന്നുള്ള ഇന്റർവ്യൂവിനു വിളിപ്പിച്ചു.

അയാളുടെ ജോലിക്കുള്ള അപേക്ഷയിൽനിന്നും അയാൾക്ക് ചെറിയക്ലാസ്സ് മുതൽ PhD വരെ വളരെ ഉയർന്ന മാർക്ക് ആണ് ലഭിച്ചിട്ടുള്ളത് എന്ന് ഡയറക്ടർ മനസ്സിലാക്കി.

അദ്ദേഹം ചോദിച്ചു, ” നിങ്ങൾക്ക് എന്തെങ്കിലും സ്കോളർഷിപ് കിട്ടിയിട്ടുണ്ടോ?”.

യുവാവ് ‘ഇല്ല’ എന്ന് മറുപടി പറഞ്ഞു.

ഡയറക്ടരുടെ അടുത്ത ചോദ്യം, “അച്ഛനാണോ നിങ്ങളുടെ സ്‌കൂൾഫീസ്‌ അടച്ചിരുന്നത്?” . തനിക്ക് ഒരു വയസ്സായപ്പോൾ അച്ഛൻ മരിച്ചുപോയി എന്നും, അമ്മയാണ് തന്റെ ഫീസ്‌ അടച്ചിരുന്നത് എന്നും അയാൾ മറുപടി പറഞ്ഞു.

ഡയറക്ടർ ചോദിച്ചു, “അമ്മക്ക് എന്താണ് ജോലി?”. അമ്മക്ക് അലക്കു ജോലി ആണെന്ന് അയാൾ മറുപടി നൽകി.

അപ്പോൾ ഡയറക്ടർ അയാളോട് തന്റെ കൈകൾ കാണിക്കുവാൻ പറഞ്ഞു, ചെറുപ്പക്കാരൻ തന്റെ മിനുസ്സമുള്ള കൈകൾ ഡയറക്ടറെ കാണിച്ചു.

ഡയറക്ടരുടെ അടുത്ത ചോദ്യം, “നിങ്ങൾ എപ്പോഴെങ്കിലും നിങ്ങളുടെ അമ്മയെ തുണികൾ കഴുകുവാൻ സഹായിച്ചിട്ടുണ്ടോ?”

യുവാവ് മറുപടി നൽകി, “ഒരിക്കലും ഇല്ല, എന്റെ അമ്മക്ക് ഞാൻ എപ്പോഴും പഠിക്കുകയും കൂടുതൽ പുസ്തകങ്ങൾ വായിച്ചു അറിവുനേടുകയും ചെയ്യുന്നതാണ്‌ ഇഷ്ടം, അതുമാത്രമല്ല എന്റെ അമ്മക്ക് എന്നെക്കാളും വേഗത്തിൽ തുണികൾ അലക്കാൻ കഴിയും”.

അതുകേട്ട്‌ ഡയറക്ടർ പറഞ്ഞു, ” എനിക്ക് ഒരു അപേക്ഷയുണ്ട്, നീ ഇന്ന് നിന്റെ അമ്മയുടെ കൈകൾ വൃത്തിയാക്കൂ, അതിനുശേഷം നാളെ എന്നെ വന്നു കാണൂ” .

യുവാവ്‌ വിചാരിച്ചു, തനിക്കു ജോലി കിട്ടാൻ നല്ല സാധ്യത ഉണ്ട്; അയാൾ സന്തോഷത്തോടെ അമ്മയുടെ കൈകൾ വൃത്തിയാക്കുവാൻ തീരുമാനിച്ചു. അമ്മക്ക് ഇത് കേട്ടപ്പോൾ ആശ്ചര്യം തോന്നിയെങ്കിലും അവർ തന്റെ കൈകൾ മകനെ കാണിച്ചു. അമ്മയുടെ കൈകൾ വൃത്തിയാക്കുവാൻ തുടങ്ങിയപ്പോൾ മകന്റെ കണ്ണുകളിൽനിന്നും കണ്ണീർ ഒഴുകുവാൻ തുടങ്ങി. അമ്മയുടെ കൈകളിൽ ചുളിവ് വീണിരിക്കുന്നു, നിറയെ മുറിവുകളും ഉണ്ടായിരുന്നു, അയാൾ വെള്ളമൊഴിച്ച് കഴുകിയപ്പോൾ ചില മുറിവുകളുടെ വേദന കാരണം അമ്മ വിറക്കുന്നുണ്ടായിരുന്നു.

അമ്മയുടെ ഈ കൈകളാണ് തന്റെ സ്കൂൾ ഫീസ്‌ അടയ്കാൻ സഹായിച്ചത് എന്ന് അയാൾ ആദ്യമായി മനസ്സിലാക്കി. അമ്മയുടെ കൈയ്യിലുള്ള മുറിവുകൾ ആണ് തന്റെ ഉയർന്ന മാർക്കുകൾക്കും, ഇന്നത്തെ ഉയർന്ന ജോലിക്കും ഉള്ള വില എന്ന് അയാൾ അറിഞ്ഞു.
അന്ന് യുവാവ് അമ്മയുടെ കൈകൾ വൃത്തിയാക്കിയശേഷം,ബാക്കി ഉണ്ടായിരുന്ന തുണികൾ അലക്കാൻ അമ്മയെ സഹായിച്ചു. അതിനുശേഷം, അമ്മയുമായി കുറേനേരം സംസാരിച്ചു.

പിറ്റേ ദിവസം രാവിലെ ഡയറക്ടരുടെ ഓഫീസിൽ എത്തി, ഡയറക്ടർ യുവാവിന്റെ നനഞ്ഞ കണ്ണുകൾകണ്ടു ചോദിച്ചു, “ഇന്നലെ നീ വീട്ടിൽപോയി എന്താണ് ചെയ്തത്? അതിൽനിന്നും നീ എന്ത് മനസ്സിലാക്കി?”

യുവാവ് പറഞ്ഞു, “ഞാൻ അമ്മയുടെ കൈകൾ വൃത്തിയാക്കി, അതിനുശേഷം തുണികൾ അലക്കാൻ അമ്മയെ സഹായിച്ചു”.

ഡയറക്ടർ ചോദിച്ചു, “നിനക്ക് എന്ത് തോന്നി?”

യുവാവ് പറഞ്ഞു, “ഞാൻ അമ്മയെ ബഹുമാനിക്കാൻ പഠിച്ചു. അദ്ധ്വാനത്തിന്റെ വില എന്തെന്നറിഞ്ഞു. എന്റെ അമ്മ ഇല്ലാതെ ഒരിക്കലും ഈ നിലയിൽ എത്താൻ എനിക്ക് ആവുമായിരുന്നില്ല. ഇന്നലെ ഞാൻ അമ്മയുടെകൂടെ ജോലിചെയ്തപ്പോൾ ആണ് അമ്മയുടെ കഠിനാദ്ധ്വാനത്തിന്റെ വില മനസ്സിലാക്കിയത്. അമ്മ എത്ര കഠിനമായി അദ്ധ്വാനിച്ചാണ് എന്നെ വളർത്തിയത്‌! കുടുംബന്ധത്തിൻറെ പ്രാധാന്യവും വിലയും ഞാൻ മനസ്സിലാക്കി”.

ഡയറക്ടർ പറഞ്ഞു, “മറ്റുള്ളവരുടെ സഹായം വിലമതിക്കുകയും, അവരുടെ അദ്ധ്വാനം മനസ്സിലാക്കുകയും, ജീവിതത്തിന്റെ ലക്‌ഷ്യം ധനസമ്പാദനം മാത്രമല്ല എന്ന് കരുതുന്ന ഒരു വ്യക്തിയെയാണ് ഞാൻ നിയമിക്കാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നിങ്ങൾ നിയമിക്കപെട്ടിരിക്കുന്നു”.

പിന്നീടു ഈ യുവാവ്‌ വളരെ നന്നായി ജോലി ചെയ്യുകയും, കീഴ്ജീവനക്കാരുടെ ആദരവിന് അർഹനാവുകയും ചെയ്തു.
യുവാവിന്റെ കീഴിൽ എല്ലാവരും സന്തോഷത്തോടെ ഒരു ടീം ആയി പ്രവർത്തിക്കുകയും ആ കമ്പനിക്ക് നേട്ടമുണ്ടാവുകയും ചെയ്തു.

ഗുണപാഠം
ഒരു കുട്ടിക്ക് അവൻ ആവശ്യപ്പെട്ടതെല്ലാം കൊടുത്തു വളർത്തിയാൽ അവൻ അധികാരമാനോഭാവം വളർത്തും, താൻ എല്ലാത്തിലും മുൻപിലാവണമെന്നു കരുതും; തന്റെ താല്പര്യങ്ങൾക്ക് മുൻ‌തൂക്കം കൊടുക്കും. ഒരിക്കലും മാതാപിതാക്കളുടെ പ്രയത്നത്തെ മാനിക്കുകയില്ല. ജോലി ചെയ്യാൻ തുടങ്ങിയാൽ താൻ പറയുന്നത് മറ്റുള്ളവൽ കേൾക്കണം എന്ന് നിർബന്ധം പിടിക്കും. മറ്റുള്ളവരുടെ അദ്ധ്വാനത്തിന് വില കല്പിക്കുകയില്ല. അവരുടെ വേദന മനസ്സിലാക്കാതെ അവരുടെ കുറ്റം കണ്ടുപിടിക്കും. ഇത്തരത്തിലുള്ളവർ ആദ്യം വിജയം കണ്ടേക്കാം, പക്ഷേ ക്രമേണ ശരിയായ സംതൃപ്തി കുറയുകയും ഒരുതരം വെറുപ്പിലേക്ക് തിരിയുകയും ചെയ്യും. ഇതുമാതിരി നമ്മൾ കുട്ടികളെ വളർത്തുകയാണെങ്കിൽ യഥാർത്ഥത്തിൽ നമ്മൾ അവരെ സ്നേഹിക്കുകയാണോ ചെയ്യുന്നത്? അതോ നശിപ്പിക്കുകയോ? നമ്മുടെ കുട്ടികൾ വലിയ വീടുകളിൽ താമസിക്കട്ടെ, നല്ല ഭക്ഷണം കഴിക്കട്ടെ, കലകൾ അഭ്യസിക്കട്ടെ, വലിയ ടി വി സ്ക്രീൻ കാണട്ടെ; പക്ഷെ നമ്മൾ തോട്ടത്തിൽ പണി എടുക്കുമ്പോൾ അവരും സഹായിക്കട്ടെ. ഭക്ഷണം കഴിഞ്ഞു പാത്രങ്ങൾ സഹോദരങ്ങളുടെയൊപ്പം കഴുകട്ടെ. ഇതു നമുക്ക് വേലക്കാരെ വെയ്കാൻ കഴിവില്ലാഞ്ഞിട്ടല്ല, പക്ഷെ നമുക്ക് കുട്ടികളെ ശരിയായ രീതിയിൽ സ്നേഹിക്കാൻ വേണ്ടിയാണ്. വളരെ പ്രധാന പെട്ട കാര്യം, നമ്മുടെ കുട്ടികൾ മറ്റുള്ളവരുടെ പ്രയത്നത്തെ വില മതിയ്കുവാനും അവരെ ബഹുമാനിക്കുവാനും പഠിക്കണം. മറ്റുള്ളവരുടെ കഷ്ടപ്പാടുകൾ എന്തെന്ന് മനസ്സിലാക്കുവാനും, അവരുടെ കൂടെ നിന്ന് എങ്ങിനെ പ്രവർത്തിയിൽ ലക്‌ഷ്യം കണ്ടെത്തണമെന്ന് പഠിക്കുകയും വേണം.

Source: http://ideas-for-happy-living.blogspot.sg/2012/04/story-of-appreciation.html

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s