Archive | April 2014

ആശാരി (Carpenter)

14.

മൂല്യം: ശരിയായ പ്രവർത്തി … … … ഉപമൂല്യം: ഒരുമ

ഒരിക്കൽ ഒരിടത്ത് അടുത്തടുത്ത കൃഷിയിടങ്ങളിൽ താമസിക്കുന്ന സഹോദരന്മാർ തമ്മിൽ ഒരു തർക്കമുണ്ടായി. ഇത് നാൽപത് വർഷത്തിനിടക്ക് ആദ്യമായി ഉണ്ടായ തർക്കമായിരുന്നു. അതുവരെ അവർ ഒരുമിച്ച് അടുത്തടുത്ത കൃഷിയിടങ്ങളിൽ കൃഷി ചെയ്തു വരികയായിരുന്നു. ജോലിക്കാരെയും കൃഷിക്ക് ആവശ്യമായ ഉപകരണങ്ങളും വിത്തും വളവും എല്ലാം അവർ പരസ്പരം കൈമാറിയിരുന്നു. പെട്ടന്നാണ് ആ ഒത്തൊരുമ ഇല്ലാതെ ആയത്. ഒരു ചെറിയ തെറ്റിദ്ധാരണയുടെ പേരിൽ അവർ പിരിഞ്ഞു; പിന്നീടു അതു വാക്ക് തർക്കമായി മാറുകയും, ആഴ്ചകളോളം അവർ തമ്മിൽ മിണ്ടാതാവുകയും ചെയ്തു.

ഒരു സുപ്രഭാത്തിൽ ജോണ് എന്ന മൂത്ത സഹോദരൻറെ വാതിലിൽ ആരോ മുട്ടി. അദ്ദേഹം വാതിൽ തുറന്നു നോക്കിയപ്പോൾ പണി ആയുധങ്ങളുമായി നിൽക്കുന്ന ഒരു ആശാരിയെ കണ്ടു.
അയാൾ പറഞ്ഞു. “ഞാൻ ജോലി തേടി വന്നതാണ്, നിങ്ങൾക്ക് എന്തെങ്കിലും ആശാരിപണി ചെയ്യിക്കാനുണ്ടോ?”

“ഉണ്ട്” എന്ന് മൂത്ത സഹോദരൻ മറുപടി പറഞ്ഞു. “ആ കാണുന്ന ചെറിയ പുഴയിടുക്കിൻറെ അപ്പുറത്ത് എൻറെ അയൽക്കാരനാണ്, സത്യത്തിൽ അയാൾ എൻറെ ചെറിയ സഹോദരനാണ്, കഴിഞ്ഞ ആഴ്ച ഞങ്ങൾ തമ്മിൽ വഴക്കുണ്ടായി, അവൻ പുഴയോരത്ത് ബുൾഡോസർ കൊണ്ട് ഇടിച്ചു താഴ്ത്തുകയും അങ്ങിനെ അവിടെ ഒരു പുഴയിടുക്ക് ഉണ്ടാവുകയും ചെയ്തു. എന്നെ അകറ്റി നിർത്താനാവും അവൻ ഇതു ചെയ്തത്, പക്ഷെ ഞാനും ഒരു പണി കണ്ടുവെച്ചിട്ടുണ്ട്. ആ കളപ്പുരക്കടുത്ത് കൂട്ടിയിട്ട പഴയ സാധനങ്ങൾ നീ കാണുന്നില്ലേ, അതുകൊണ്ട് 8 അടി ഉയരത്തിൽ നീ ഒരു മതിൽ കെട്ടണം, പിന്നെ എനിക്ക് അവനെയും അവൻറെ സ്ഥലവും ഒന്നും കാണണ്ടല്ലോ”.

ആശാരി പറഞ്ഞു, “എനിക്ക് കാര്യങ്ങൾ മനസ്സിലായി, നിങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ ഞാൻ ജോലിചെയ്യാം”. മൂത്ത സഹോദരൻ ആശാരിക്ക് പണിക്ക് ആവശ്യമുള്ള സാധനങ്ങൾ എല്ലാം ഏർപ്പാട് ചെയ്തു, എന്തോ കാര്യത്തിനായി പട്ടണത്തിലേക്ക് പോയി.

ആശാരി ദിവസം മുഴുവനും നല്ലവണ്ണം ജോലിചെയ്തു. അളന്നും, മുറിച്ചും, ആണി അടിച്ചും അയാൾ ജോലി പൂർത്തിയാക്കി. വൈകുന്നേരം ജോണ് തിരിച്ചുവന്നപ്പോൾ അയാളുടെ കണ്ണുകൾ മലർക്കെ തുറന്നു, അയാൾ അന്ധാളിച്ചു, അയാളുടെ പുരികം ചുളിഞ്ഞു; കാരണം അവിടെ ഒരു മതിലിനു പകരം ഒരു പാലമായിരുന്നു. രണ്ടു കൃഷിയിടങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഒരു പാലം! വളരെ വൃത്തിയായി പണിഞ്ഞ നല്ല മനോഹരമായ കൈപ്പിടികൾ ഒക്കെയുള്ള ഒരു പാലം. അവർ അത് നോക്കിനില്ക്കെ തന്നെ ജോണിൻറെ ഇളയ സഹോദരൻ അയാളുടെ അടുത്തേക്ക് ആലിംഗനം ചെയ്യാൻ എന്നപോലെ കൈകൾ നീട്ടികൊണ്ട് വന്നു.
എന്നിട്ട് പറഞ്ഞു, ” ഞാൻ പറഞ്ഞതും ചെയ്തതും എല്ലാം ക്ഷമിച്ച് ചേട്ടൻ ഒരു പാലം പണിയിച്ചുവല്ലോ. എന്നോട് ക്ഷമിക്കു” .

പാലത്തിൻറെ രണ്ടറ്റത്തും നിന്നിരുന്ന സഹോദരന്മാർ പാലത്തിൻറെ നടുവിൽ ഒരുമിച്ചുനിന്ന് സ്നേഹം കൈമാറി. അവർ തിരിഞ്ഞുനോക്കിയപ്പോൾ കണ്ടത്, തന്റെ പണിആയുധങ്ങളുമായി സ്ഥലം വിടാൻ ഒരുങ്ങുന്ന ആശാരിയെയാണ്. മൂത്ത സഹോദരൻ പറഞ്ഞു “നിൽക്കു പോകരുത്, എനിക്ക് കുറച്ചു ദിവസത്തെകൂടി ജോലി നിങ്ങളെകൊണ്ട് ചെയ്യിക്കാനുണ്ട്.

ആശാരി പറഞ്ഞു “എനിക്ക് ഇവിടെ നിൽക്കാൻ ഇഷ്ടമേ ഉള്ളു. പക്ഷെ എനിക്ക് ഇതുപോലെ ഒരുപാട് പാലങ്ങൾ ഇനിയും പണിയേണ്ടതായിട്ടുണ്ട്”.

ഗുണപാഠം

ഒരു സ്നേഹബന്ധം തകർക്കാൻ വളരെ എളുപ്പമാണ്,പക്ഷെ ഒന്ന് കെട്ടിപ്പടുക്കുവാൻ വളരെ പ്രയാസവും. ഒരാൾ തനിക്ക് മറ്റുള്ളവരിൽ നിന്നും കിട്ടുന്ന സ്നേഹം ആസ്വദിക്കണം. ബന്ധങ്ങളിൽ ഉയർച്ച താഴ്ച്ചകൾ ഉണ്ടാവാം.പക്ഷെ നമ്മൾ ആ ബന്ധത്തിൻറെ വില മനസ്സിലാക്കണം. നമ്മുടെ അഹങ്കാരവും ശത്രുതയും ഒരു ചെറിയ പ്രശ്നത്തെപ്പോലും വലുതായികണ്ട് തെറ്റായ തീരുമാനം എടുക്കാൻ നമ്മെ പ്രേരിപ്പിക്കും, അതുകൊണ്ട് സമയമെടുത്ത് ആലോചിച്ച് എല്ലാ തെറ്റിധാരണകളും തീർത്താൽ നമുക്കും മറ്റുള്ളവർക്കും സന്തോഷമുണ്ടാകും. നമുക്കിടയിൽ മതിലുകൾക്ക് പകരം നമുക്ക് പാലങ്ങൾ പണിയാം.

നിങ്ങൾ ഏതുതരം കാറാണ് ഉപയോഗിക്കുന്നത് എന്നല്ല പക്ഷെ എത്രപേരെ നിങ്ങൾ അവർക്ക് എത്തേണ്ടിടത്ത് എത്തിച്ചു എന്നാണ് പ്രസക്തം

നിങ്ങളുടെ വീട് എത്ര ചെറുതോ വലുതോ ആകട്ടെ, എത്ര ആളുകളെ നിങ്ങൾ അവിടേക്ക് ക്ഷണിച്ചിട്ടുണ്ട് എന്നതാണ് പ്രസക്തം.

നിങ്ങളുടെ അലമാരിയിൽ എത്ര വസ്ത്രങ്ങൾ ഉണ്ട് എന്നതല്ല, നിങ്ങൾ എത്രപേർക്ക് വസ്ത്രങ്ങൾ നൽകിയിട്ടുണ്ട് എന്നതാണ് പ്രസക്തം.

നിങ്ങൾക്ക് എത്ര സുഹൃത്തുക്കൾ ഉണ്ട് എന്നല്ല, മറിച്ച് എത്രപേർ നിങ്ങളെ സുഹൃത്തായി കാണുന്നുണ്ട് എന്നതാണ് പ്രസക്തം.

നിങ്ങൾ ഏതുതരം അയൽപക്കത്താണ് ജീവിക്കുന്നത് എന്നല്ല, നിങ്ങളുടെ അയൽക്കാരനോട് നിങ്ങൾ എങ്ങിനെ പെരുമാറുന്നു എന്നതാണ് പ്രസക്തം.

നിങ്ങളുടെ തൊലിയുടെ നിറമല്ല, പക്ഷെ നിങ്ങളുടെ സ്വഭാവം എങ്ങിനെ എന്നതാണ് പ്രസക്തം.

Advertisements