Tag Archive | ഭക്തി

വിശ്വാസവും അത്ഭുതങ്ങളും

20

മൂല്യം: സത്യം ഉപമൂല്യം: വിശ്വാസം

ഒരു പെണ്കുട്ടി തൻറെ കൂട്ടുകാരിയുടെ വീട്ടിൽപോയി,അവൾക്ക് അവിടെ കുറച്ചു കൂടുതൽ സമയം ചിലവഴിക്കേണ്ടിവന്നു. തിരിച്ചുവരുമ്പോഴേയ്ക്കും സമയം രാത്രി ആയിരുന്നു. നല്ല പരിചയമുള്ള സ്ഥലം ആയതിനാലും ആ കുട്ടിയുടെ വീട് വളരെ അടുത്തുതന്നെ ആയതിനാലും അവൾക്ക് തീരെ ഭയം ഉണ്ടായിരുന്നില്ല.

എന്നിരുന്നാലും ഡയാന എന്ന ആ പെണ്കുട്ടി തൻറെ സംരക്ഷണത്തിനായി ദൈവത്തോട് പ്രാർത്ഥിച്ചു. അവളുടെ വീട്ടിലേക്ക് ഒരു കുറുക്കുവഴി ഉണ്ടായിരുന്നു. അത് തീരെ വെളിച്ചമില്ലാത്തതും വിജനവും ആയിരുന്നു. അവൾ ആ വഴിക്കുതന്നെ പോകുവാൻ തീരുമാനിച്ചു. പകുതി ദൂരം നടന്നപ്പോൾ അവൾ വഴിയരുകിൽ ഒരു മനുഷ്യൻ നില്ക്കുന്നത് കണ്ടു. അയാൾ അവളെത്തന്നെ നോക്കുന്നുണ്ടായിരുന്നു. അവൾക്ക് അത് അത്ര സുഖകരമായി തോന്നിയില്ല. അവൾ ഉടനെ ദൈവത്തോട് സ്വയം രക്ഷക്കായി പ്രാർത്ഥിച്ചു. പെട്ടന്നുതന്നെ താൻ സുരക്ഷിതയാണ് എന്ന തോന്നൽ അവൾക്കുണ്ടായി. ദൈവത്തിൻറെ സുരക്ഷിതമായ കരങ്ങൾ തനിക്ക് ചുറ്റും ഉണ്ടെന്നും അവൾക്ക് തോന്നി. അവൾ ആ മനുഷ്യൻറെ മുന്പിലുടെ നടന്നു സുരക്ഷിതയായി തൻറെ വീട്ടിലെത്തി.

പിറ്റേ ദിവസം, ദിനപത്രത്തിൽ അവൾ ഞെട്ടിക്കുന്ന വാർത്തയാണ് കണ്ടത്. അവൾ വന്ന അതെ വഴിയിൽ വെച്ചു ഒരു പെണ്കുട്ടി ബലാൽസംഗം ചെയ്യപ്പെട്ടു; അതും അവൾ അതുവഴി കടന്നുപോയി 20 മിനിറ്റ്കൾക്ക് ശേഷം. ഈ ദുഖ:വാർത്ത കേട്ട് അവൾക്ക് വല്ലാത്ത സങ്കടം തോന്നി. ഒരുപക്ഷെ ആ പെണ്കുട്ടിക്ക് പകരം താനായിരുന്നിരിക്കാം എന്ന തോന്നലും അവൾക്കുണ്ടായി. അവൾ പൊട്ടികരഞ്ഞു, തന്നെ രക്ഷിച്ച ദൈവത്തോട് നന്ദി പറഞ്ഞു..

അവൾ പോലീസ് സ്റ്റെഷനിലെക്ക് പോകുവാൻ തീരുമാനിച്ചു. അവൾ അവിടെപ്പോയി തലേന്ന് നടന്ന സംഭവം പറഞ്ഞു. പോലീസ് അവളോട് സംശയാസ്പദമായി പിടിച്ച പല വ്യക്തികളിൽനിന്നും തലേന്ന് അവൾ കണ്ട ആ വ്യക്തിയെ കാണിച്ചുകൊടുക്കുവാൻ ആവശ്യപ്പെട്ടു. ഉടൻതന്നെ അവൾ ആ വ്യക്തിയെ തിരിച്ചറിഞ്ഞു. പോലീസ് ചോദ്യം ചെയ്തപ്പോൾ ആ വ്യക്തി കുറ്റം സമ്മതിച്ചു.

പോലീസ് ഓഫീസർ ഡയാനയുടെ ധീരതയെ അഭിനന്ദിച്ചു. അവൾക്ക് വേണ്ടി തങ്ങൾ എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന് ചോദിച്ചു. അവൾ പറഞ്ഞു, ആ വ്യക്തിയോട് ഒരു ചോദ്യം ചോദിക്കണം.
അവളുടെ ചോദ്യം, എന്തുകൊണ്ട് അവൾ ആക്രമിക്കപെട്ടില്ല’ എന്നായിരുന്നു.
പോലീസ് അയാളോട് ഈ ചോദ്യം ചോദിച്ചപ്പോൾ അയാൾ പറഞ്ഞ ഉത്തരം ഇതായിരുന്നു, ” ഈ പെണ്കുട്ടി ഒറ്റയ്ക്കായിരുന്നില്ല. നീളമുള്ള രണ്ടു വ്യക്തികളുടെ ഇടയിലായിരുന്നു ഇവൾ നടന്നിരുന്നത്”.

ഗുണപാഠം

വിശ്വാസത്തിനു പർവതങ്ങളെ വരെ നീക്കുവാൻ ശക്തിയുണ്ട്. നമ്മുടെ കൂടെ ദൈവം ഉണ്ട് എന്ന വിശ്വാസം നമുക്കുണ്ടെങ്ങിൽ, ആ വിശ്വാസം തീർച്ചയായും നമ്മെ രക്ഷിക്കും. നമ്മെ ഒരിക്കലും ദൈവം ഒറ്റയ്ക്കാക്കില്ല. എപ്പോഴും നമുക്ക് ദൈവം ആത്മവിശ്വാസവും ആന്തരിക ശക്തിയും നല്കും. ജീവിതത്തിൽ ദുരിതങ്ങളും കഷ്ടപ്പാടുകളും സഹിക്കേണ്ടിവരുമ്പോൾ ആന്തരിക ശക്തി നല്കാനായി ദൈവത്തോട് പ്രാർത്ഥിക്കണം. അടിയുറച്ച വിശ്വാസവും ഭക്തിയും നമ്മെ എല്ലാ ദുരിതങ്ങളിൽനിന്നും രക്ഷിക്കും.

Advertisements

ഈശ്വരന് പണക്കാരും പാവപ്പെട്ടവരും തമ്മിൽ വ്യത്യാസമില്ല

15.
guruvayoor-temple

മൂല്യം: സ്നേഹം ഉപമൂല്യം: ഭക്തി, വിശ്വാസം.

കേരളത്തിലെ ഗുരുവായൂർ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒന്നാണ്. ആയിരകണക്കിനു ഭക്തജനങ്ങൾ പതിവായി അവിടം സന്ദർശിക്കുന്നു.

ഒരിക്കൽ ഒരു ഭക്തൻ അദ്ദേഹത്തിൻറെ കാൽവേദന മാറുവാൻ വേണ്ടി 41 ദിവസം ക്ഷേത്രത്തിൽ ഭജനമിരിക്കുവാൻ തീരുമാനിച്ചു. എല്ലാദിവസവും അയാളെ ചുമന്നു വേണമായിരുന്നു ക്ഷേത്രത്തിലേക്ക് കൊണ്ടുവരുവാൻ. അയാൾ പണക്കാരൻ ആയതുകൊണ്ട് അതിനു വേണ്ടി ജോലിക്കാരെ നിർത്തുവാനുള്ള കഴിവ് അയാൾക്ക് ഉണ്ടായിരുന്നു. എല്ലാദിവസവും ചുമന്നാണ് അമ്പലകുളത്തിൽ കുളിക്കുവാൻ അയാളെ കൊണ്ടുവന്നിരുന്നത്. അങ്ങിനെ 40 ദിവസങ്ങളും ആത്മാർഥമായ പ്രാർത്ഥനയോടെ കടന്നുപോയി, പക്ഷെ വേദനക്ക് യാതൊരു മാറ്റവും ഇല്ലായിരുന്നു.

അതേസമയം കൃഷ്ണഭക്തനായ ഒരു പാവപ്പെട്ടയാൾ തൻറെ മകളുടെ വിവാഹം കഴിയുവാൻ ഭഗവാനോട് അകമഴിഞ്ഞു പ്രാർഥിച്ചിരുന്നു, അതിൻറെ ഫലമായി അയാളുടെ മകൾക്ക് നല്ലഒരു ആലോചന വരികയും നിശ്ചയം നടക്കുകയും ചെയ്തു. അയാൾക്ക് വിവാഹം നടത്തുവാനും ആഭരണങ്ങൾ വാങ്ങിക്കുവാനും ഉള്ള ധനശേഷി ഉണ്ടായിരുന്നില്ല. ഒരു ദിവസം കൃഷ്ണ ഭഗവാൻ അയാളുടെ സ്വപ്നത്തിൽ പ്രത്യക്ഷപ്പെടുകയും, അയാളോട് പിറ്റേ ദിവസം രാവിലെ കുളക്കരയിൽ പോയി അവിടെ പടവിൽ ഇരിക്കുന്ന സഞ്ചി എടുത്ത്, തിരിഞ്ഞുനോക്കാതെ ഓടുവാനും ഉള്ള നിർദ്ദേശം കൊടുത്തു.

പിറ്റേ ദിവസം പണക്കാരനായ ഭക്തൻറെ 41 )o ദിവസം ആയിരുന്നു. അയാളുടെ രോഗം ഭേദമായില്ലെങ്കിലും ഭഗവാന് അർപ്പിക്കുവാൻ വേണ്ടി സ്വർണനാണയങ്ങൾ അടങ്ങുന്ന ഒരു സഞ്ചിയുമായാണ് വന്നിരുന്നത്. കുളിക്കുന്നതിനുമുൻപ് അയാൾ .അത് കുളപ്പടവിൽ വച്ചു. ഈ സമയത്ത് ഭഗവാൻറെ സ്വപ്നത്തിലെ
നിർദ്ദേശപ്രകാരം പാവപ്പെട്ട ഭക്തൻ അവിടെ എത്തുകയും, കുളപ്പടവിൽ ഒരു ചെറിയ സഞ്ചി ഇരിക്കുന്നത് കാണുകയും ചെയ്തു. അയാൾ അത് എടുത്തു തിരിഞ്ഞുനോക്കാതെ ഓടി. പണക്കാരനായ ഭക്തൻ ഇത് കാണുകയും, ഭഗവാനുവേണ്ടി കൊണ്ടുവന്ന സ്വർണനാണയങ്ങൾ മറ്റൊരാൾ കൊണ്ടുപോകുന്നത് കണ്ട് അയാളും പുറകെ ഓടി. പക്ഷെ മറ്റേ വ്യക്തിയെ പിന്തുടരാൻ കഴിയാതെ നിരാശനായി അയാൾ മടങ്ങി.

ഇന്ന് ഇതുവരെ, തന്നെ മറ്റൊരാൾ ചുമക്കുകയായിരുന്നു, ഇപ്പോൾ ഇതാ ഞാൻ ഓടിയിരിക്കുന്നു. അയാൾക്ക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല. അയാളുടെ കാൽവേദന പൂർണമായി മാറിയതിൽ അയാൾ സന്തോഷിക്കുകയും ഭഗവാൻറെ അതിരില്ലാത്ത കാരുണ്യത്തിനു നന്ദി പറയുകയും ചെയ്തു. 41 ന്നാമത്തെ ദിവസം ഭഗവാൻ അയാളുടെ ഭക്തിയിൽ പ്രസാദിക്കുകയും അയാളെ അനുഗ്രഹിക്കുകയും ചെയ്തു. പാവപ്പെട്ട ഭക്തനാകട്ടെ, അയാളുടെ മകളുടെ വിവാഹം നടത്തുവാൻ ആവശ്യമുള്ള ധനം കൊടുത്തതിനു ഭഗവാനോട് നന്ദി പറഞ്ഞു.

ഗുണപാഠം

ഭഗവാൻ രണ്ടു ഭക്തരെയും അനുഗ്രഹിക്കുകയും അവരുടെ ഭക്തിക്ക് തക്കതായ പ്രതിഫലം കൊടുക്കുകയും ചെയ്തു. ഭഗവാൻ ബാബയും പണക്കാരായ ഭക്തരെയും പാവപ്പെട്ട ഭക്തരെയും ഒരുപോലെ അനുഗ്രഹിക്കുന്നു. പണക്കാരായ ഭക്തർ സ്വാമിയുടെ വിവിധ പദ്ധധികൾക്ക് പണം സംഭാവന ചെയ്യുകയും പാവപ്പെട്ട ഭക്തർ അത് നടപ്പിലാക്കാൻ നിസ്വാർത്ഥ സേവനം അനുഷ്ടിക്കുകയും ചെയ്യുന്നു. ഭഗവാൻറെ രീതികൾ വ്യത്യസ്തമാണ്. പക്ഷെ ഭഗവാൻ തൻറെ ഭക്തരെയെല്ലാം ഒരുപോലെ സ്നേഹിക്കുന്നു, അനുഗ്രഹിക്കുന്നു.

guruvayoorappan